Saturday, May 19, 2018

പ്രമേഹം സുഖപ്പെടുത്തുന്ന LCHF ഭക്ഷണ രീതിയുടെ പ്രചാരമേറുന്നു.


പ്രമേഹം സുഖപ്പെടുത്തുന്ന LCHF ഭക്ഷണ രീതിയുടെ പ്രചാരമേറുന്നു. (ഈ മാസം പ്രവാസ ശബ്ദത്തിൽ എഴുതിയ ലേഖനം )

പ്രമേഹം ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നീട് മരുന്ന് കൂടാതെ സുഖപ്പെടില്ല എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്. പ്രമേഹ രോഗികൾ ജീവിതത്തിൽ ഉടനീളം മരുന്ന് കഴിച്ചു ജീവിക്കുന്നത് വളരെ സാധാരണവും ആണല്ലോ. അതിനാൽ തന്നെ പ്രമേഹം ഒരു മാറാ രോഗമായി നാം അംഗീകരിച്ചു കഴിഞ്ഞു .
Image may contain: 1 person, textലോകാടിസ്ഥാനത്തിൽ തന്നെ നോക്കിയാൽ 1980 മുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അന്നുണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം പതിനഞ്ച് ഇരട്ടിയിലധികം (ബ്ലോഗർ) പേർക്ക് ഇന്ന് പ്രമേഹമുണ്ട്. അമേരിക്കയിൽ മാത്രം പ്രതിവർഷം 174 ബില്യൺ ഡോളർ പ്രമേഹ ചികിത്സയ്ക്കായി പൊടിക്കപ്പെടുന്നുണ്ട്. എന്നിട്ടും പ്രമേഹം കുറയുന്നില്ല. ദിനേനയെന്നോണം പുതിയ രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രമേഹ ചികിത്സ എത്രത്തോളം ഫലം ചെയ്യുന്നു എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
1980 കൾക്ക് ശേഷം എന്ത് കൊണ്ടായിരിക്കും പ്രമേഹം കൂടിയത്? കുറഞ്ഞ കാലം കൊണ്ട് മനുഷ്യന്റെ ജനിതക കോഡിൽ കാര്യമായ വ്യതിയാനം സംഭവിച്ചിരിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല. നമ്മുടെ ഭക്ഷണ രീതിയിലും ജീവിത ശൈലിയിലുമുണ്ടായ സാരമായ മാറ്റം തന്നെയാവും അതിന്റെ പിന്നിലെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പ്രമേഹത്തെ വരുതിയിൽ ആക്കാനുള്ള പ്രയത്നത്തിന്റെ ആദ്യ കടമ്പ പിന്നിട്ടു കഴിഞ്ഞു.
അവിടെയാണ് LCHF ന്റെ പ്രസക്തി കടന്നു വരുന്നത്. കുറഞ്ഞ അന്നജം, കൂടുതൽ കൊഴുപ്പ് അഥവ Low Carb Hight Fat ഒരു ചികിത്സയല്ല. ഒരു ഭക്ഷണ ശൈലി മാറ്റമാണ്. പ്രമേഹത്തെ ചെറുത്ത് തോൽപ്പിക്കുന്ന ഈ ഭക്ഷണ രീതി ലോകത്താകമാനം പ്രചാരം ഏറി കൊണ്ടിരിക്കുന്നു. അനേകം പേർക്ക് ഇൻസുലിനോ മരുന്നോ കൂടാതെ ജീവിക്കാൻ കഴിയുന്നുമുണ്ട്.

എന്താണ് പ്രമേഹം?

നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിച്ചു കൊണ്ട് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നത്. ഈ ഇൻസുലിനാണ് ശരീരത്തിലെ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. സാധാരണ കാണുന്ന പ്രമേഹ രോഗികളിൽ അധികവും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. അതിനുള്ള കാരണം ഇൻസുലിൻ കുറയുന്നതല്ല. ഇൻസുലിൻ റെസിസ്റ്റൻസാണ് ( ഇൻസുലിനെ തടയാൻ ശരീരം ശ്രമിക്കുന്ന പ്രക്രിയയാണ് ). ഈ അവസ്ഥയാണ് പ്രമേഹം എന്ന് അറിയപ്പെടുന്നത്.
എന്താണ് ഈ തടയലിനു കാരണം? അതറിയണമെങ്കിൽ ഇൻസുലിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയണം. നാം ഭക്ഷണം കഴിക്കുമ്പോൾ സ്വാഭാവികമായും ഇൻസുലിൻ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ നമുക്ക് മതിയായ അളവിൽ ഊർജ്ജമാക്കി മാറ്റുന്നു. എന്നാൽ നാം കഴിക്കുന്ന അധിക ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന അധിക ഗ്ലൂക്കോസിനെ നമ്മുടെ കരളിൽ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന ഒരു ധർമ്മം കൂടി ഇൻസുലിൻ ഭംഗിയായി നിർവഹിച്ചു വരുന്നുണ്ട്.
നാം ഭക്ഷണം കഴിക്കാത്ത സമയങ്ങളിൽ ഈ ഗ്ലൈക്കോജനെ വീണ്ടും ശരീരം ഉപയോഗിക്കുന്നു . ഉറക്കത്തിൽ സാധാരണ സംഭവിക്കുന്നത് ഈ പ്രക്രിയയാണ്. ഈ ഒരു ചാക്രിക വ്യവസ്ഥിതിയിൽ യാതൊരു അസ്വാഭാവികതയും ഇല്ല താനും.
Image may contain: one or more peopleഎന്നാൽ വീണ്ടും വീണ്ടും ഗ്ലൂക്കോസിന്റെ അളവ് കൂടി വന്നാൽ നമ്മുടെ ഊർജ്ജത്തിന് ആവശ്യമായ അളവിനേക്കാൾ കൂടുതൽ ഗ്ലൈക്കോജൻ കരളിൽ കൊഴുപ്പ് രൂപത്തിൽ സംഭരിക്കപ്പെടുകയും ക്രമേണ കൂടുതൽ ഗ്ലൈക്കോജനെ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്യുന്നു. അതിനെ മറി കടക്കാൻ ഇൻസുലിൻ ഉത്പാദനം കൂട്ടിയാണ് ശരീരം ശ്രമിക്കുന്നത്. ഈ അമിത ഇൻസുലിൻ ഉത്പാദനം മൂലം നമ്മുടെ ശരീരം പതിയെ പതിയെ ഇൻസുലിനെ തടയാൻ ശ്രമിച്ചു കൊണ്ടിരിക്കും. എത്ര തന്നെ ഇൻസുലിൻ ഉൽപ്പാദിപ്പിച്ചാലും ആ ഇൻസുലിനെ ശരീരം തടഞ്ഞു തുടങ്ങുന്നതോടെയാണ് ഒരാൾ പ്രമേഹ രോഗിയാവുന്നത്.
അപ്പോൾ യഥാർത്ഥ പ്രശ്നം ഇൻസുലിന്റെ അഭാവമല്ല, ഇൻസുലിനെ ശരീരം തടയുന്നതാണ് എന്ന് മനസ്സിലായല്ലോ? അപ്പോൾ സംഭവിക്കുന്നത് കരളിലേക്ക് കൂടുതൽ ഗ്ലൈക്കോജൻ സംഭരിക്കാൻ കഴിയാതെ വരുന്നു. അത് വീണ്ടും തിരികെ രക്തത്തിലേക്ക് തന്നെ തിരിച്ചു വരികയാണ് ചെയ്യുക. അങ്ങനെയാണ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത്. ഇതാണ് ഫാസ്റ്റിംഗ് ഗ്ലൂക്കോസിനു കാരണം.
കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. കരളിൽ അടിഞ്ഞ കൊഴുപ്പ് അവിടെ മാത്രം നിൽക്കുന്നില്ല. ക്രമേണ മറ്റു ശരീര ഭാഗങ്ങളിലും അത് അടിഞ്ഞു കൂടുന്നു. സ്വാഭാവികമായും ഇൻസുലിൻ ഗ്രന്ഥിയായ പാൻക്രിയാസിലും അത് എത്തിച്ചേരും. അത് പാൻക്രിയാസിനെയും ബാധിക്കുന്നതോടെയാണ് രോഗം അതിന്റെ മൂർദ്ധന്യതയിൽ എത്തുന്നത്. ഭക്ഷണം കഴിച്ചാൽ ഇൻസുലിൻ ഉൽപാദിപ്പിക്കുക എന്ന പ്രക്രിയയിൽ അതോടെ താള ഭംഗം വരുന്നു. ഭക്ഷണം കഴിച്ചാൽ ഗ്ലൂക്കോസ് കൂടുന്ന അവസ്ഥയും വന്നു ചേരും. അതോടെ ഒരാൾ പൂർണ്ണമായും പ്രമേഹ രോഗിയാണെന്ന് വിധി എഴുതപ്പെട്ടു.
ഒരാൾ ഒരു സുപ്രഭാതത്തിൽ പ്രമേഹ രോഗിയാവുന്നതല്ല എന്ന് മനസിലായി കാണുമല്ലോ. ഈ പ്രക്രിയകളുടെയൊക്കെ അവസാനമാണ് നാം പ്രമേഹം കണ്ടെത്തുന്നത് എന്ന് മാത്രം. ഈ അവസ്ഥയിലാണ് നമുക്ക് ചികിത്സയുടെ ആദ്യ പടിയായി മെറ്റ്ഫോർമിൻ ടാബ്‌ലറ്റുകൾ ( metformin) നിർദേശിക്കപ്പെടുന്നത്. അത് കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കാണപ്പെടും. രോഗിക്കും രോഗിയോട് സഹവസിക്കുന്നവർക്കും ആശ്വാസം. എന്നാൽ സത്യത്തിൽ കരളിൽ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസ് പകരുന്നതിനെ തടഞ്ഞു നിറുത്തുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത് . പ്രമേഹം യഥാർത്ഥത്തിൽ അവിടെ സുഖപ്പെടുന്നില്ല. എല്ലാം പഴയ പോലെ തന്നെ പോകുന്നുണ്ടാവും. കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടി കൊണ്ടിരിക്കും സ്വാഭാവികമായും അതിനെ ഏറെ കാലം നിയന്ത്രിച്ചു നിറുത്താൻ ആദ്യം നൽകിയ ഡോസിനു കഴിയാതെ വരും. മരുന്നിന്റെ ഡോസ് കൂടി കൂടി വരും. ഒരു പരിധി കഴിഞ്ഞാൽ ഗുളികയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ വരികയും ഇൻസുലിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. ചെറിയ ഡോസിൽ തുടങ്ങി പതിയെ പതിയെ ഗുളികയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ ഇൻസുലിന്റെ അളവ് കൂട്ടി കൂട്ടി വരുന്നു. ഗ്ലൂക്കോസിനെ വീണ്ടും വീണ്ടും കരളിലേക്ക് കുത്തി നിറക്കാനല്ലാതെ ഈ മരുന്നുകൾ ശ്രമിക്കുന്നേയില്ല.
No automatic alt text available.ചുരുക്കത്തിൽ രോഗം മാറുന്നില്ല. രക്തത്തിലെ ഗ്ലൂക്കോസിനെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തള്ളി വിട്ടു കൊണ്ടേയിരിക്കുകയാണ് സാധാരണ നടക്കുന്നത്. രക്തത്തിൽ ഗ്ലൂക്കോസ് കുറയുകയും ശരീരത്തിൽ മൊത്തത്തിൽ ഗ്ലൂക്കോസ് കൂടുകയും ചെയ്യുന്നു. ഇവിടെ രോഗം മാറുന്നുണ്ടോ? ഇല്ല. വീട്ടിൽ കയറി വരുന്ന ആളുകൾ പെട്ടന്ന് ശ്രദ്ധിക്കുന്ന ഭാഗത്തെ മാലിന്യങ്ങളെ അടിച്ചു കൂട്ടി പെട്ടന്ന് ശ്രദ്ധിക്കാത്ത മൂലകളിലേക്ക് തള്ളുന്നത് പോലെയാണ് ഇവിടെ ചെയ്യുന്നത്. അതിന്റെ ഭവിഷ്യത്തെ അധികം വൈകാതെ അനുഭവിക്കുകയും ചെയ്യുന്നു . കണ്ണ്, വൃക്ക, കരൾ, കാൽ തുടങ്ങിയ അവയവങ്ങളെയൊക്കെ ഇത് പതിയെ ബാധിക്കുകയും ജീവൻ രക്ഷിക്കാൻ
അവയവങ്ങൾ മുറിച്ചു കളയേണ്ടി വരികയും ചെയുന്നത് അങ്ങനെയാണ്.
ഇതിനെ ചികിത്സ എന്നു വിളിക്കാമോ? ചികിത്സയാണെങ്കിൽ രോഗം സുഖപ്പെടുകയാണ് വേണ്ടത്? അത് കൊണ്ട് തന്നെ മറ്റു മാർഗ്ഗങ്ങൾ നമുക്ക് ആരായേണ്ടി വരുന്നു. LCHF ( കുറഞ്ഞ അന്നജം കൂടുതൽ കൊഴുപ്പ് ) ഒരു ചികിത്സയേ അല്ല. ഒരു ഭക്ഷണ രീതിയാണ്. ലോകമാകെ പ്രചുര പ്രചാരം നേടി വരുന്ന ഈ ഭക്ഷണ ശൈലിയിലൂടെ പ്രമേഹത്തിൽ നിന്ന് മുക്തി നേടിയ അനേകം പേരുണ്ട്.

എന്താണ് LCHF?

ശരീരത്തിലേക്ക് ഗ്ലൂക്കോസ് നിക്ഷേപിക്കപ്പെടുന്നത് നിയന്ത്രിക്കാതെ മേൽ വിവരിച്ച അവസ്ഥയിൽ നിന്ന് മോചനം സാധ്യമല്ല. ബാക്കിയൊക്കെയും താത്കാലികമായ അഡ്ജസ്റ്റ്മെന്റുകൾ മാത്രം. പ്രമേഹമെന്ന രോഗത്തെ ചികിത്സിക്കാതെ അതിന്റെ ലക്ഷണത്തെ മാത്രം ചികിത്സിക്കുന്നതാണ് നാം ചെയ്തു പോരുന്നത്.
ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് കുറച്ചു കൊണ്ടു വരികയാണ് നാം ചെയ്യേണ്ടത്. അതിനു കാരണം അമിതമായ ഇൻസുലിൻ ഉത്പാദനമാണ്. അതിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് ഈ പറയപ്പെടുന്ന ഇൻസുലിൻ റെസിസ്റ്റൻസ്. ഇൻസുലിനെ നിഷ്ക്രിയമാക്കി നിറുത്തുന്ന ഈ അവസ്ഥ മറികടക്കുവാൻ രക്തത്തിലെ ഇൻസുലിൻ കുറച്ചു കൊണ്ടു വരിക മാത്രമാണ് മാർഗ്ഗം. ഇൻസുലിൻ അളവ് കുറയുന്നതോടെ ഇൻസുലിൻ റസിസ്റ്റൻസ് കുറയും കാര്യങ്ങൾ പതിയെ സ്വാഭാവികമായ രീതിയിലേക്ക് മാറി വരികയും ചെയ്യും.
ഇൻസുലിൻ കുറക്കാനുള്ള മാർഗ്ഗം കാർബോ ഹൈഡ്രേറ്റുകൾ കുറക്കുക മാത്രമാണ്. ലളിതമായി പറഞ്ഞാൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക. അരി, ഗോതമ്പ് തുടങ്ങി നാം സാധാരണ കഴിക്കുന്ന ഒട്ടു മിക്ക എല്ലാ ഭക്ഷണങ്ങളിലും വ്യത്യസ്ത അളവുകളിൽ അന്നജം അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണം കഴിച്ചു കൊണ്ട് പ്രമേഹത്തിൽ നിന്ന് മുക്തി നേടുക സാധ്യമേ അല്ല. അതാണ്‌ LCHF ലെ ആദ്യത്തെ രണ്ടു വാക്കുകൾ പറയുന്നത്. Low carbohydrates അഥവ കുറഞ്ഞ അന്നജം ( പൂർണ്ണമായും ഒഴിവാക്കിയാൽ അത്രയും നല്ലത് ) ഈ ഭക്ഷണ രീതിയുടെ ആദ്യ ഭാഗമാണ്.
അതോടെ വീണ്ടും വീണ്ടും ശരീരത്തിലേക്ക് ഗ്ലൂക്കോസ് തള്ളി വിടുന്ന അപകടകരമായ പ്രവണത അവസാനിക്കുന്നു. എന്ന് മാത്രമല്ല, കരളിൽ നിക്ഷേപിക്കപ്പെട്ട ഗ്ലൈക്കോജനെ ശരീരം രക്തത്തിലേക്ക് തന്നെ തിരികെ കൊണ്ടു വരാൻ തുടങ്ങും. അതാണല്ലോ വേണ്ടതും. പിന്നീട് പതിയെ പതിയെ ശരീരം അടിഞ്ഞു കൂടിയ കൊഴുപ്പുകളെ ആശ്രയിച്ചു തുടങ്ങും. അതിനാൽ തന്നെ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുമ്പോൾ തന്നെ ആദ്യ ഘട്ടങ്ങളിൽ ഭക്ഷണത്തിന്റെ ഇടവേളകൾ ദീര്ഘിപ്പിക്കുന്നത് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തും. ഒരു ചെറിയ വൃതം പോലെ. ഇടയ്ക്ക് വെള്ളമോ ഗ്ലൂക്കോസ് ഇല്ലാത്ത പാനീയങ്ങളോ ആവാം.
പ്രമേഹത്തിനുള്ള മരുന്നുകൾ ഈ ഘട്ടത്തിൽ നിറുത്തുന്നത് ഒഴിവാക്കണം എന്നാണ് LCHF രംഗത്തുള്ളവർ പറയുന്നത് കാരണം ഭക്ഷണത്തിൽ ഗ്ലൂക്കോസ് ഇല്ലാത്തതിനാൽ ശരീരം കരളിൽ നിന്ന് ഗ്ലൈക്കോജനെ സ്വീകരിച്ചു തുടങ്ങുമല്ലോ. ഇത് രക്തത്തിൽ വീണ്ടും പഞ്ചസാരയുടെ അളവ് കൂട്ടും. ഈ ഘട്ടത്തിൽ മരുന്ന് നിറുത്തുന്നത് പ്രോത്സാഹിപ്പിക്കപെടുന്നില്ല. എന്നാൽ പതിയെ പതിയെ ഈ അടിഞ്ഞു കൂടിയ ഗ്ലൈക്കോജനും കൊഴുപ്പുമെല്ലാം ഏതാണ്ട് കത്തി തീരുന്നതോടെ ഒരാളുടെ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം ഇല്ലാതായി അയാൾ പ്രമേഹത്തിൽ നിന്ന് മോചനം നേടുന്നു. അയാൾക്ക്‌ ഇപ്പോൾ കൊഴുപ്പടിഞ്ഞു വീർത്ത കരളോ ഇൻസുലിനെ പ്രതിരോധിക്കുന്ന ശാരീരിക അവസ്ഥയോ ഇല്ല. ഇത് തന്നെയാണ് പ്രമേഹത്തിൽ നിന്നുള്ള ശരിയായ മോചനം.
ഒരിക്കലും സുഖപെടാത്ത പ്രമേഹം സുഖപ്പെടുന്നത് ഇങ്ങനെയാണ്. അന്നജം അടങ്ങിയ ഭക്ഷണം കുറയ്ക്കുമ്പോൾ പകരം എന്ത് കഴിക്കാം എന്നായിരിക്കും ഇപ്പോൾ ചിന്ത? അതിന്റെ ഉത്തരമാണ് LCHF ലെ അവസാനത്തെ രണ്ടു വാക്കുകളായ High Fat (കൂടിയ കൊഴുപ്പ് ). സാധാരണ കൊഴുപ്പ് ഒരു വില്ലൻ ആയാണ് അറിയാപ്പെടുന്നത്. അതിന്റെ പ്രധാന കാരണം നമ്മുടെ ഭക്ഷണ രീതിയാണ്. നാം കൂടിയ അളവിൽ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനോട് ഒപ്പമാണ് കൊഴുപ്പ് അടങ്ങിയ മത്സ്യം, മാംസം മുട്ട തുടങ്ങിയവ കഴിക്കുന്നത്. ഈ കഴിക്കുന്ന കൊഴുപ്പ് ശരിക്ക് അപ്പോൾ ശരീരത്തിന് ആവശ്യമില്ല കാരണം നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഗ്ലൂക്കോസിന്റെ കൂടെയാണല്ലോ ഈ കൊഴുപ്പും അകത്തേക്ക് തള്ളുന്നത്. ഈ കൊഴുപ്പ് ശരീരം സംഭരിക്കാൻ തുടങ്ങും.
എന്നാൽ ഗ്ലൂക്കോസ് കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കാതെയാവുന്നതോടെ ഈ സംഭരണം നടക്കുന്നില്ല. അതിനാൽ തന്നെ ആ തരത്തിലുള്ള യാതൊരു അപകടവും നടക്കുന്നുമില്ല. രാവിലെ മധുരമില്ലാത്ത ചായയിൽ അല്പം ബട്ടർ കലർത്തി കുടിച്ചു തുടങ്ങുകയും പിന്നീട് വേണമെങ്കിൽ മുട്ടയോ ഉച്ചയ്ക്ക് വെളിച്ചെണ്ണ ചേർത്ത് തയ്യാറാക്കിയ മാംസ ഭക്ഷണമോ മത്സ്യമോ പച്ചക്കറികളോ ഒക്കെ ഭക്ഷിച്ചു കൊണ്ട് ശരീരത്തിനു ആവശ്യമായ ഊർജ്ജം നേടാം. ഇത് പ്രകാരം ആറു മാസം കൊണ്ടോ അതിനു മുൻപോ പൂർണ്ണമായും മരുന്നുകളിൽ നിന്ന് മോചനവും പതിയെ ഒരു വർഷം കൊണ്ട് പൂർണ്ണമായും പ്രമേഹത്തിൽ നിന്ന് മോചനവും നേടിയ കുറെ പേരുണ്ട് . ഈ കുറിപ്പ് ഒരു പൂർണ്ണ വിരാമം ഇടുകയല്ല. കൂടുതൽ പഠിക്കാനുള്ള സാധ്യതകൾ തുറന്നിടുകയാണ്. LCHF ഡയറ്റുകൾ പുസ്തക രൂപത്തിലും ഓൺ ലൈനിൽ ലേഖന രൂപങ്ങളിലും ഏറെ ലഭ്യമാണ്.
എത്രയോ മരുന്നുകൾക്ക് പുറകെ ഓടിയവരാണ് നാം. ഒരു ചെറിയ ഭക്ഷണ ശൈലി മാറ്റം പ്രമേഹത്തെ പൂർണ്ണമായും സുഖപ്പെടുത്തുന്നുണ്ട് എങ്കിൽ അതാണല്ലോ നല്ലത്. പ്രമേഹത്തെ ചികിത്സിക്കാതെ അതിന്റെ ലക്ഷണത്തെ ചികിത്സിക്കുന്ന പതിവ് രീതിയെ പോലെ റിസ്ക്കുകൾ ഈ രീതിയിൽ ഇല്ല താനും.
ലേഖനം : നസറുദീൻ മണ്ണാർക്കാട്

0 comments:

Post a Comment